പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2012, ഡിസംബർ 22, ശനിയാഴ്‌ച

കക്ക വാങ്ങാന്‍ ആളില്ല; തൊഴിലാളികള്‍ പട്ടിണിയില്‍വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും കക്കവാരി ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ ഇറക്കുമതിനയം മൂലം പ്രതിസന്ധിയില്‍. വൈക്കം, മുഹമ്മ, തൈക്കാട്ടുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 13 കക്കാ സഹകരണസംഘങ്ങളിലെ അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികള്‍ വാരിയ കക്ക കെട്ടിക്കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. കക്ക വിറ്റഴിക്കാന്‍ കഴിയാത്തതുമൂലം തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍പോലും സഹകരണസംഘങ്ങള്‍ക്കാവുന്നില്ല. കക്ക കൊണ്ടുവന്നാല്‍ വിറ്റഴിക്കാന്‍ വിപണി ഇല്ലാത്തതിനാല്‍ മാസങ്ങളായി ഈ മേഖലയിലെ തൊഴിലാളികള്‍ കക്ക വാരല്‍ നിര്‍ത്തിയിരിക്കുകയാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കുമ്മായവും രാജസ്ഥാന്‍ സ്റ്റോണ്‍ പൗഡറും വില കുറച്ച് ലഭിക്കുന്നതുമൂലം ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്, കൊച്ചിയിലെ സിഎംആര്‍, ബിനാനിസിങ്ക്, കൊല്ലത്തെ കെഎംഎംഎല്‍, വെള്ളൂരിലെ എച്ച്എന്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ കക്കാ ചൂളകളില്‍ നിന്നുള്ള കുമ്മായം വാങ്ങാതെയായി. ഈ കമ്പനികള്‍ നൂറുകണക്കിന് ടണ്‍ കുമ്മായം പ്രതിദിനം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്്. ഗുണനിലവാരം കുറഞ്ഞ കുമ്മായമാണ് ഇവ ഉപയോഗിച്ചുവരുന്നത്. ഈ കുമ്മായം ഉപയോഗിച്ച് നിര്‍മിക്കുന്ന സിമന്റ്, ഔഷധങ്ങള്‍, പെയിന്റ്, എന്നിവയുടെയും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള നീറ്റുകക്കായുടെയും ഗുണമേന്മയില്ലാതെയായി. കക്കാ സഹകരണ സംഘങ്ങളില്‍ നിന്നും റോയല്‍റ്റി, ടാക്സ് ഇനങ്ങളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. വ്യവസായം പ്രതിസന്ധിയിലായതോടെ സര്‍ക്കാരിന് നല്‍കുന്ന ടാക്സ് അടയ്ക്കാനാവാതെ കക്കാസഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന നീറ്റുകക്കയുടെ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ ആക്കിയതിലൂടെ നീറ്റുകക്കയുടെ വിതരണവും മുടങ്ങി. മറ്റ് തൊഴിലുകളൊന്നും അറിയാത്ത പരമ്പരാഗത കക്കവാരല്‍ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. തൊഴിലാളികള്‍ വാരിക്കൊണ്ടുവരുന്ന കക്കയും അതിന്റെ ഉല്‍പന്നങ്ങളും വിറ്റഴിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. തൊഴില്‍ സംരക്ഷിക്കുന്നതിനും പരമ്പരാഗത കക്കാ വ്യവസായം നിലനിര്‍ത്താനുമായി കക്ക വാരല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

2012, ഡിസംബർ 16, ഞായറാഴ്‌ച

കാലിത്തീറ്റ സബ്‌സിഡിക്ക് അപേക്ഷിക്കണം


ടി.വി.പുരം: മൃഗസംരക്ഷണ വകുപ്പ് ടി.വി.പുരം പഞ്ചായത്തില്‍ നടപ്പാക്കുന്ന കാലിത്തീറ്റ പദ്ധതിയില്‍ 50 ശതമാനം സബ്‌സിഡി നിരക്കില്‍ ഉള്ള ആനുകൂല്യത്തിന് ക്ഷീര കര്‍ഷകര്‍ 20നു മുമ്പ് അപേക്ഷ നല്‍കണം.

2012, ഡിസംബർ 5, ബുധനാഴ്‌ച

സ്വകാര്യബസ്സുകള്‍ ട്രിപ്പ് മുടക്കുന്നു

സ്വകാര്യബസ്സുകള്‍ അകാരണമായി ട്രിപ്പ് മുടക്കുന്നതിനാല്‍ വൈക്കം-ടി.വി.പുരം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. 12 സ്വകാര്യബസ്സുകളും ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സും ഇതിലെ ഓടുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും നഗരത്തിലെത്താന്‍ ബസ് സര്‍വീസാണ് ആശ്രയം. സ്വകാര്യബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പ്രദേശവാസികളെ ഏറെ വിഷമത്തിലാക്കി. കെ.എസ്.ആര്‍.ടി.സി. ബസ്സും രാവിലെ ഒരു ട്രിപ്പാണ് ഓടുന്നത്. ട്രിപ്പ് മുടക്കുന്ന സ്വകാര്യബസ്സുകള്‍ക്കെതിരെ നടപടി എടുക്കണമെന്നും കെ.എസ്.ആര്‍.ടി.സി. ബസ്‌സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

2012, ഡിസംബർ 4, ചൊവ്വാഴ്ച

വൈക്കം ഉപജില്ലാ കലാമേള കൊടിയിറങ്ങിഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വന്ന വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. സമാപനസമ്മേളനം ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി ലാലന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.എം. ദേവിദാസന്‍ അധ്യക്ഷനായി. ടി.വി.പുരം പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീരേഖാ സുധീരന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി. പുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാമോഹനന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. അനില്‍കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗം ടി.കെ. രൂപേഷ്‌കുമാര്‍, വൈക്കം എ.ഇ.ഒ. പി.കെ.ശശി, ഗ്ലിസ്സി മാത്യു, ചന്ദ്രസേനന്‍, അമൃതനാഥ്, കെ. രത്‌നപ്പന്‍, സാലിമോള്‍, കെ.എന്‍. ഷാജി, മോസസ് ചാക്കേറ, അഞ്ജു സുധന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


കലോത്സവവാര്‍ത്തകള്‍ക്ക് സന്ദര്‍ശിക്കുക... http://vaikommela.blogspot.in/

രേഖകള്‍ നല്കണം

ടി.വി.പുരം: പഞ്ചായത്തിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ബാങ്ക്/പോസ്റ്റോഫീസ്/ട്രഷറി അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി, ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ ഡിസംബര്‍ 15 നു മുമ്പ് അടുത്തുള്ള അങ്കണ്‍വാടിയില്‍ നല്‍കണം.